സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
2 ദിനവൃത്താന്തം 14:1

Notes

No Verse Added

2 ദിനവൃത്താന്തം 14:1

1
അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2
ആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
3
അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
4
യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
5
അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
6
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
7
അവൻ യെഹൂദ്യരോടു: നാം പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു.
8
ആസെക്കു വൻ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
9
അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
10
ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ പടെക്കു അണിനിരത്തി.
11
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
12
അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി.
13
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു.
14
അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽ നിന്നു ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.
15
അവർ നാൽക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
×

Alert

×

malayalam Letters Keypad References